കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. കൂട്ടിയ ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിലാണ് നടപടി. സ്വകാര്യ ബസ്സുകൾക്കും കെഎസ്ആർടിസിക്കും അധിക നിരക്ക് ഈടാക്കാം.
ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ ഉയർന്ന നിരക്ക് തുടരാം. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസ്സിൽ യാത്രക്കാരെ കൊണ്ടുപോവണമെന്നും കോടതി നിർദേശിച്ചു. നിരക്ക് വർധന സംബന്ധിച്ച് പുതിയ റിപ്പോർട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിലവിലെ സ്ഥിതിയിൽ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താൽക്കാലിക സ്റ്റേ മാത്രമാണ് നൽകിയത്. മുഴുവൻ യാത്രക്കാർക്കും അനുമതി നൽകിയ സാഹചര്യത്തിൽ ബസ് ചാർജ് കൂട്ടേണ്ട സാഹചര്യമില്ല, ഉത്തരവിന്റെ വിശദാംശങ്ങൾ ലഭിച്ചതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു, അടുത്ത ദിവസം മുതൽ സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു.
Discussion about this post