ഡൽഹി: ഇന്ത്യയുടെ സൈനിക കരുത്ത് ചൈനയെ മറികടക്കാൻ പര്യാപ്തമാണോ, നമ്മളേക്കാൾ ആയുധ വൈവിധ്യങ്ങളിൽ അവർ മുന്നിലല്ലേ തുടങ്ങിയ ചോദ്യങ്ങൾ സമീപകാലത്ത് ശക്തമാണ്. പ്രത്യേകിച്ച് ഗൽവാൻ താഴ്വരയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ രക്തച്ചൊരിച്ചിലിലേക്ക് നയിച്ച പശ്ചാത്തലത്തിൽ.
ഭാവിയിൽ ഇന്ത്യ- ചൈന സംഘർഷം നിയന്ത്രിത യുദ്ധമോ പൂർണ യുദ്ധമോ ആയി മാറിയേക്കാമെന്ന ആശങ്കൾ നിലനിൽക്കുകയും ചെയ്യുന്നു. എന്നാൽ ഏഷ്യയിലെ സുപ്രധാന സാമ്പത്തിക- സൈനിക ശക്തിയായ ചൈനയേക്കാൾ ഒന്നുകൊണ്ടും പിന്നിലല്ല ഇന്ത്യ. ഇനി ഇന്ത്യയുടെ ആയുധ ശേഖരത്തിലേക്ക് എത്തിപ്പെടാൻ പോകുന്ന നവീന ആയുധങ്ങൾ ചൈനയെ വിറപ്പിക്കാൻ പോരുന്നവയാണ്.
എസ്-400 മിസൈൽ സംവിധാനം
അമേരിക്കൻ ഉപരോധ ഭീഷണിയേപ്പോലും വകവെക്കാതെയാണ് ഇന്ത്യ റഷ്യയുമായി എസ്-400 മിസൈൽ സംവിധാനം വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. മിസൈൽ- വ്യോമ ആക്രമണങ്ങളെ പരാജയപ്പെടുത്തുന്നതിനും 400 കിലോ മീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്താനും ഉപയോഗിക്കാവുന്ന സംവിധാനമാണ് എസ്-400. ശബ്ദത്തിന്റെ 14 മടങ്ങ് വേഗതയിലാണ് ഇത് ശത്രുവിന്റെ മിസൈലുകളേയും യുദ്ധവിമാനങ്ങളേയും ആക്രമിക്കുക.
ഒരേസമയം 80 ലക്ഷ്യങ്ങളെ നേരിടാനുള്ള ശേഷി ഇതിനുണ്ട്. 160 ഭൂതല- വ്യോമ മിസൈലുകളാണ് ഒരു എസ്-400 സംവിധാനത്തിൽ അടങ്ങിയിരിക്കുന്നത്. റഡാറുകളെ കബളിപ്പിക്കുന്ന സ്റ്റെൽത്ത് സംവിധാനമുള്ള യുദ്ധവിമാനങ്ങളേപ്പോലും ഇവയ്ക്ക് കണ്ടെത്താനാകും. 600 കിലോ മീറ്റർ അകലെനിന്നുതന്നെ യുദ്ധവിമാനങ്ങളുടെ വരവ് തിരിച്ചറിയാനും ഇവയെ ട്രാക്ക് ചെയ്യാനും ഇതിന് സാധിക്കും.
മാത്രമല്ല ശത്രുവിന്റ ഭൂമിയിലുള്ള അഞ്ചു മീറ്റർ വരെ ചെറിയ ലക്ഷ്യങ്ങളിലേക്ക് പോലും കൃത്യമായി ആക്രമണം നടത്താനും മിസൈലിന് സാധിക്കും. നിലവിൽ ചൈന ഈ മിസൈൽ സംവിധാനം സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യൻ അതിർത്തിയുടെ നിയന്ത്രണം വരുന്ന വെസ്റ്റേൺ തീയേറ്റർ കമാൻഡിന് കീഴിൽ രണ്ട് എസ്-400 മിസൈൽ സംവിധാനം ചൈന വിന്യസിച്ചു കഴിഞ്ഞു. അതിനാൽ റഷ്യയിൽനിന്ന് ആയുധം വളരെ വേഗത്തിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങിയിട്ടുണ്ട്.
സുഖോയ്-30എംകെഐ- വിമാനങ്ങൾ
ഇന്ത്യയുടെ യുദ്ധവിമാന ശേഖരത്തിലുള്ള ആയുധമാണ് റഷ്യൻ നിർമിത നാലാം തലമുറ സുഖോയ്-30 എം.കെ.ഐ. യുദ്ധവിമാനങ്ങൾ. ഇതിന്റെ പരിഷ്കരിച്ച അത്യാധുനിക വേരിയന്റുകൾ വാങ്ങാനാണ് വ്യോമസേനയുടെ പദ്ധതി. നിലവിൽ ഉപയോഗിക്കുന്നവയ്ക്ക് ചൈനയുടെ ജെ-16, ഇനിയും സേനയുടെ ഭാഗമായി തീർന്നിട്ടില്ലാത്ത ജെ-11ഡി എന്നിവയുമായി വലിയ അന്തരമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിന്റെ പരിഷ്കരിച്ച 4++ വേരിയന്റുകൾ വാങ്ങാനാണ് പദ്ധതി.
എഞ്ചിൻ, റഡാർ, ആയുസ്, ഡിജിറ്റൽ കൺട്രോൾ സിസ്റ്റം എന്നിവയിൽ വലിയ മാറ്റങ്ങളാണ് ഈ വെരിയന്റുകൾക്കുള്ളത്. 4++ വേരിയന്റിൽ പുതിയ കരുത്തേറിയ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം അത്യാധുനിക റഡാറും ചേരുമ്പോൾ സുഖോയ് 30എംകെഐ കൂടുതൽ അപകടകാരിയായി മാറും.
സുഖോയ്- 57, മിഗ്-35
ചൈനയുടെ ഭീഷണികളെ മറികടക്കാൻ പര്യാപ്തമായ മറ്റൊരു റഷ്യൻ നിർമിത യുദ്ധവിമാനമാണ് സുഖോയ്-57. ഹൈപ്പർ സോണിക് മിസൈലുകൾ വരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ചൈനയുടെ ജെ-16,ജെ-20 വിമാനങ്ങളേക്കാൾ മികച്ചതാണ് അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ്-57. റഡാറുകളെ കബളിപ്പിക്കാനുതകുന്ന സ്റ്റെൽത്ത് സംവിധാനം, ശക്തിയേറിയ എഞ്ചിൻ, മികച്ച റഡാർ എന്നിവ ഇതിന്റെ പ്രത്യേകതകളിൽ ചിലതാണ്.
മിഗ്-35 വിമാനവും അതിശക്തമായ ആയുധമാണ്. പി.എൽ-15, ആർ-37എം എന്നീ മിസൈലുകൾ വഹിക്കുന്ന ഇവയ്ക്ക് സമാനമായ മറ്റ് ചൈനീസ് ആയുധങ്ങളേക്കാൾ പ്രഹരശേഷി കൂടുതലാണ്. ഈ വിമാനം ഇന്ത്യയിൽ തന്നെ നിർമിക്കാനുള്ള ലൈസൻസ് കൈമാറാമെന്നും അവർ അറിയിച്ചിട്ടുണ്ട്. നിലവിൽ ഉപയോഗിക്കുന്ന മിഗ്-29 വിമാനങ്ങളേക്കാൾ ചെലവ് കുറവാണ് ഇവയുടെ സംരക്ഷണത്തിനും അറ്റകുറ്റപ്പണിക്കും വേണ്ടിവരിക.
ബ്രഹ്മോസ് ഹൈപ്പർസോണിക് മിസൈൽ
ഇന്ത്യയുടെ വജ്രായുധങ്ങളിലൊന്നാണ് ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ. ഇതിന്റെ ഹൈപ്പർ സോണിക് പതിപ്പാണ് വരാൻ പോകുന്നത്. നിലവിലുള്ള മിസൈലിനേക്കാൾ കൂടുതൽ ദൂരം പോകാൻ കഴിയുന്നതും ശത്രുവിന്റെ യുദ്ധവിമാനങ്ങളേയും ടാങ്കർ വിമാനങ്ങളേയും കണ്ണിമ ചിമ്മുന്ന വേഗതയിൽ തകർക്കാൻ കഴിയുന്നതുമായ പതിപ്പാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. 60 കിലോയോളം വരുന്ന പോർമുന വഹിക്കാൻ ഇവയ്ക്ക് സാധിക്കും. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.
ടി-14 അർമാത, ടി-90എം യുദ്ധ ടാങ്കുകൾ
കരയുദ്ധത്തിന്റെ ഗതിനിർണയിക്കുന്നത് ടാങ്കുകളുടെ വിന്യാസവും അതിന്റെ തന്ത്രപരമായ ഉപയോഗവുമാണ്. തദ്ദേശീയമായ അർജുൻ ടാങ്കുകളുടെ വികസനം ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോകാത്തതിനാലാണ് റഷ്യൻ നിർമിത ടി-14 ടാങ്കുകളിൽ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. നിലവിൽ റഷ്യൻ മിലിട്ടറിക്ക് മാത്രമാണ് ഇതുള്ളത്. മറ്റ് രാജ്യങ്ങൾക്ക് അവ നൽകുന്നതിൽ നിയന്ത്രണങ്ങളുണ്ട്. ഇതിന്റെ അത്യാധുനിക സവിശേഷതകൾ ആയുധങ്ങൾ സങ്കീർണമായ സെൻസറുകൾ എന്നിവ ചൈനീസ് ടാങ്കുകളേക്കാൾ മികച്ചവയാണ്. താഴ്ന്നുപറക്കുന്ന വിമാനങ്ങളെ അടക്കം വെടിവെച്ചിടാൻ ഇതിന് സാധിക്കും.
ഇതിന് പുറമേ റഷ്യയുടെ ടി-90 ടാങ്കുകളും ഇന്ത്യയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിന്റെ മുൻഗാമിയായ ടി-72 ഇപ്പോൾ ഇന്ത്യൻ സേനയുടെ ഭാഗമാണ്. ടി-14 ടാങ്കുകൾക്ക് വേണ്ടി വികസിപ്പിച്ച സാങ്കേതിക വിദ്യകൾ ഇതിലും ഉപയോഗിച്ചിട്ടുണ്ട്. എഞ്ചിനിലടക്കം വലിയ മാറ്റങ്ങൾ മുൻഗാമിയെ അപേക്ഷിച്ച് വരുത്തിയിട്ടുണ്ട്.
Discussion about this post