ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശർമയും മാതാപിതാക്കളെന്ന നിലയിൽ തിളങ്ങുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വ്യാഴാഴ്ച 70–ാം ജന്മദിനം ആഘോഷിച്ച മോദിക്ക് വിരാട് കോലി ട്വിറ്ററിലൂടെ ആശംസകൾ നേർന്നിരുന്നു. ഇതിനുള്ള മറുപടിയിലാണ് കോലിയും അനുഷ്കയും മികച്ച മാതാപിതാക്കളായിരിക്കുമെന്ന് മോദി പ്രതികരിച്ചത്.
‘നന്ദി വിരാട് കോലി. അനുഷ്ക ശർമയെയും താങ്കളെയും അഭിനന്ദിക്കാൻ ഞാനും ആഗ്രഹിക്കുന്നു. നിങ്ങൾ മികച്ച മാതാപിതാക്കളായിരിക്കുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല’ – മോദി ട്വിറ്ററിൽ കുറിച്ചു.
Thank you @imVkohli! I would also like to congratulate @AnushkaSharma and you. I am sure you will be amazing parents! https://t.co/6IsTEGOhAS
— Narendra Modi (@narendramodi) September 17, 2020
തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം കഴിഞ്ഞ മാസം 27നാണ് വിരാട് കോലിയും അനുഷ്ക ശർമയും ട്വിറ്ററിലൂടെ പരസ്യമാക്കിയത്. ‘ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ എത്തും’ എന്ന അടിക്കുറിപ്പോടെ, ഗർഭിണിയായ അനുഷ്കയെ കോലി ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് ഇരുവരും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്.
Discussion about this post