ഷില്ലോങ്: മേഘാലയയില്‍ സ്ഫോടക വസ്തുക്കളുടെ വന്‍ ശേഖരം പിടികൂടി. വാഹനങ്ങളില്‍ നിന്നും രഹസ്യ കേന്ദ്രത്തില്‍ നിന്നുമായി 1525 കിലോ സ്‌ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. 6000 ഡിറ്റണേറ്ററുകളും 12200 ജെലാറ്റിന്‍ സ്റ്റിക്കുകളും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു.
ഈസ്റ്റ് ജയന്തിയ ഹില്‍സിലെ 4 കീലോ മേഖലയില്‍ ഒരു എസ്.യു.വി.യില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുക്കളാണ് ആദ്യം പിടികൂടിയത്. സ്‌ഫോടക വസ്തുക്കള്‍ കടത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസം രജിസ്‌ട്രേഷനിലുള്ള വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
കാറില്‍ നിന്ന് 250 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടുകയും ചെയ്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് ഖിലേഹ്രിയാത്തിലെ രഹസ്യകേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഇവിടെ നിന്ന് 10200 ജെലാറ്റിന്‍ സ്റ്റിക്കുകളും 6000 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. രഹസ്യകേന്ദ്രത്തിലുണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Discussion about this post