ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ഓം പ്രകാശ് പരിഹാറാണ് പ്രതിഷേധത്തിനെതിരെ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിഷേധം കാരണം അവശ്യ സേവനങ്ങള്‍ക്ക് തടസം നേരിടേണ്ടി വരുന്നുണ്ടെന്നും കൊറോണ വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയ്ക്ക് മുന്‍പാകെ ഹര്‍ജിയെത്തിയത്.
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി പ്രതിഷേധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാരെ പിരിച്ചു വിടണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ ചികിത്സയ്ക്കായി നിരവധിയാളുകളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് എത്തുന്നത്. റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം കാരണം അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് തടസമുണ്ടാകുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സമാധാനപരമായി പ്രതിഷേധിക്കാന്‍ പ്രതിഷേധക്കാര്‍ക്ക് പോലീസ് പ്രത്യേക സ്ഥലം അനുവദിച്ചു നല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ അങ്ങോട്ട് മാറാന്‍ തയാറാകുന്നില്ല. അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നതിലൂടെ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്ന് വ്യക്തമാണ്. വലിയ ആള്‍ക്കൂട്ടമായതിനാല്‍ തന്നെ പ്രതിഷേധം നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെ വരുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.
Discussion about this post