തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യമായി കൊറോണ വാക്‌സിൻ നൽകുമെന്ന പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചട്ടലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം തുടർ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ യുഡിഎഫ്, ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
കേരളത്തിൽ കൊറോണ വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി വെള്ളിയാഴ്ച്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ആരിൽ നിന്നും കാശ് ഈടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
അതേസമയം താൻ ഒരു പെരുമാറ്റച്ചട്ടവും ലംഘിച്ചില്ലെന്നാണ് പിണറായിയുടെ വിശദീകരണം. ഇന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നിന് മുൻപായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
Discussion about this post