തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകട മരണം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പോലീസ്. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണ് വാഹനാപകടത്തിൽ എസ് വി പ്രദീപ് മരിച്ചത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്താണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേ ദിശയിൽ നിന്നും വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയും വാഹനം നിർത്താതെ പോകുകയുമായിരുന്നു. അപകട സ്ഥലത്ത് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റ് കിടന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ കാർ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ജയ്ഹിന്ദ്, കൈരളി, ന്യൂസ് 18, മീഡിയാ വൺ, മംഗളം എന്നീ വാർത്താചാനലുകളിൽ മാദ്ധ്യമ പ്രവർത്തകനായിരുന്ന പ്രദീപ് നിലവിൽ ചില ഓൺലൈൻ മാദ്ധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു.
Discussion about this post